Thursday, February 19, 2009

മരണങ്ങള്‍

ദാഹാര്‍ത്തനായ വേഴാമ്പല്‍,
ഒരു പെരുമഴയത്ത്
വെള്ളം കുടിച്ച്...

പ്രേമാതുരയായ പെണ്‍കുട്ടി,
പ്രണയം പറഞ്ഞു തുടങ്ങവെ
വാക്കുകള്‍
ചങ്കില്‍ കുരുങ്ങി...

മഴു കാത്തിരുന്ന മച്ചിപ്ലാവ്,
ഒരു ഋതു സന്ധ്യയില്‍
ഫലാധിക്യത്താല്‍
കടപുഴകി...

കാമ വിവശയായ കന്യക,
കിനാവില്‍ ഒരു ഗന്ധര്‍വ്വന്റെ
സുരതം ഏറ്റു വാങ്ങവെ
മൂര്‍ച്ച്ഛിച്ച്...

വത്സലനായ പിതാവ്,
പുത്രവധുവിന്റെ
ജനിതക ഗോവണി കയറവെ
കാലിടറി വീണ്...

ഇന്നലെ
ഒരു സംസ്കാര രാമന്റെ തല്ലു കൊണ്ട്
ഞാനും,
കത്തുന്ന ആത്മാവിലേക്ക്
ഇത്തിരി മുലപ്പാലിന്റെ കനിവ്
ഈമ്പി വലിച്ചതിന്...

No comments: