Sunday, December 7, 2008

അനുയാത്ര

എന്റെ വയലിന്റെ ഒടുവിലത്തെ കമ്പി
പൊട്ടിയിരിക്കയാണ്...
‘e' എന്നു നീയും,
‘രി’ എന്നു ഞാ‍നും.

വലിച്ചുകെട്ടി ഞാന്‍ മീട്ടി നോക്കിയപ്പോളബദ്ധ സംഗീതം...
പശു
കിളി
എരുമ
എലി
മിമിക്രി തൊഴിലാളിയുടെ പൊട്ടിയ ചങ്കു പോലെ...

എന്റെ ഡയരിയുടെ നടുവിലത്തെ പേജ്
ഇളക്കി മാറ്റിയിരിക്കയാണ്...
ജൂലൈ തുടങ്ങുന്നതിന് മുമ്പ്,
ജൂണ്‍ അവസാനിച്ചതിനു ശേഷം.

വറ്റ് ചേര്‍ത്തൊട്ടിച്ച് ഞാന്‍ കൂട്ടി വായിച്ചപ്പോളര്‍ത്ഥശൂന്യം വാചകം...
ജീവിതം
പ്രണയം
സമൂഹം
ബാന്ധവം
വാരിക തിരിച്ചയച്ച ഉത്തരാധുനിക കവിത പോലെ...

എന്റെ മൊബൈലിന്റെ ഓര്‍മ്മകള്‍ ഏതോ വീഴ്ചയുടെ
ആഘാതത്തില്‍ നഷ്ടപ്പെട്ടിരിക്കയാണ്...
ചില പേരുകള്‍,
പല സന്ദേശങ്ങള്‍.

പൊട്ടിയ ചില്ലു ജാലകത്തിലെ കറുപ്പും വെളുപ്പും ചികഞ്ഞെടുത്തപ്പോള്‍,
നഷ്ടമായ കോളുകള്‍...
ദീപ്തി
ജോസ്ലിന്‍
നിഷ
സുഷമ
കൂട്ടികൊടുപ്പുകാരന്റെ കണക്കു പുസ്തകം പോലെ...

എന്റെ ജീവന്റെ കറ്റചൂട്ട് ഋതു മാറി പെയ്ത മഞ്ഞിന്റെ
കുളിരില്‍ മുനിഞ്ഞമരുകയാണ്...
ബന്ധങ്ങളുടെ വീര്‍പ്പുമുട്ടലില്‍,
പ്രണയത്തിന്റെ നനവില്‍

കെട്ട് പൊട്ടിച്ച് ഞാന്‍ ആഞ്ഞു വീശിയപ്പോളിത്തിരി
വെട്ടത്തില്‍ കെട്ടു കോലങ്ങള്‍...
മകന്‍
കാമുകന്‍
കാന്തന്‍
കൂട്ടുകാരന്‍
എന്നോളം നടന്ന്, എന്നിലവസാനിക്കുന്ന,
എന്റേതല്ലാത്ത കാല്പാടുകള്‍ പോലെ...

Friday, November 7, 2008

ചിത്രങ്ങള്‍


ഒരിരുണ്ട തെരുവീല്‍
മഴ നനഞ്ഞു കുതിര്‍ന്ന ഓടു പീടിക കോലായില്‍
ഒരു കിനാവിന്റെ കഷണമായി അവള്‍....

അതേ തെരുവില്‍
മഴ നനഞ്ഞു കുതിര്‍ന്ന റോഡ് അരികില്‍
ഒരു നേരിന്റെ നോവായി അവന്‍...

പ്രായമേറിയ പ്രണയ ഗര്‍ഭത്തിന്റെ നീറ്റലൊതുക്കി
ഒരു വിടരാത്ത ചിരിയായി അവള്‍....

അതിന്റെ പൈത്രുകം പറഞ്ഞുമറിയാതെ
പതിരായി, പരിഹാസ്യനായി അവന്‍...

നീട്ടിയ കൈകളില്‍ നനുത്ത വിരലുകളായി
നനഞ്ഞ കുങ്കുമ ചേലയില്‍, നിറവായി അവള്‍....

ചോരയേറി കനത്ത മുഷ്ടിയമരാതെ
കണ്ണു ചിമ്മാതെ, നിറവിനും നിറവാ‍യി അവന്‍....

അവന്റെ തോളെല്ലുകളില്‍ മുല്ല വള്ളിയായി
മഴയില്‍ അലിയാത്ത ഒരു കണ്ണുനീര്‍ കണമായി അവള്‍...

മജ്ജയില്‍ പടര്‍ന്ന വൈദ്യുതാഘാതമായി
തേന്മാവിന്‍ മരമായി, മരവിപ്പായി അവന്‍...

Wednesday, November 5, 2008

പ്രിയപ്പെട്ട ഗോവന്‍ വേശ്യക്ക്

പ്രിയ വേശ്യേ...
വിശക്കുന്നുണ്ടെനിക്കെങ്കിലും
ചൂടേറെയുള്ളത് ആറി തണുക്കും വരേക്കും
നിന്റെ തീന്മേശക്കരികിലിരിക്കാന്‍
ആവതില്ലെനിക്ക്

പ്രിയ വേശ്യേ...
തളര്‍ച്ചയുണ്ടേറെയെങ്കിലും
നിന്റെ തുടക്കാമ്പില്‍ ‍ തലചായ്ച്ചകലെ കടലു കാണുന്നു ഞാന്‍
അതിന്നുമകലെയെന്‍ കുടിലു കണുന്നു ഞാന്‍‍
അവിടെ അച്ഛനുമമ്മക്കും നല്ലൊരുണ്ണിയായ്
പിറന്നൊരെന്നെ കാണുന്നു ഞാന്‍.

ദൈവം കുടിയേറിയ കരിങ്കല്ലൊന്നിനെ
മുള്ളി കുളിപ്പിച്ചതിനു എന്നെ
നുള്ളി നോവിച്ചെന്നമ്മയെ കാണ്മു ഞാന്‍

കള്ളം പറഞ്ഞതിനെന്റെ കാല്‍പടം
പൊള്ളി കനപ്പിച്ച
ചുള്ളി കൊമ്പിനറ്റത്തച്ഛനെ കാണ്മു ഞാന്‍.

പ്രിയ വേശ്യേ...
എന്റെ മുടിച്ചുരുളുകളില്‍‍ നിന്റെ വിരലുകള്‍
തിരയുവതെന്റെ ഭാവിയാകില്‍,
കാണ്‍ക നീ എന്നെയേതോ
കന്യയുടെ കയ്യിലെ എലിക്കെണിപ്പെട്ടിയില്‍....
കുഞ്ഞു പൊട്ടിച്ചെറിഞ്ഞ പട്ടത്തിന്‍
കിതക്കുന്ന വാലില്‍....
കിണറിന്റെ ആഴം കുറിക്കുന്ന
കയറിന്‍ കുരുക്കില്‍...

പ്രിയ വേശ്യേ...

ഞാന്‍--
ജാതിയുള്ളോന്‍, ജാതകമുള്ളോന്‍
അച്ഛനുമമ്മക്കും കൊള്ളി വെക്കേണ്ടോന്‍.
വിശക്കാത്ത ബലിക്കാക്കകള്‍‍-
ക്കെള്ളും ചോറും കൊടുത്തൂട്ടിടേണ്ടോന്‍.
ഒടുവിലൊടുവില്‍
അടയാളങ്ങള്‍‍ ഏതും വെടിയാതെ
മാ‍ന്യനായ് മരിച്ചിടേണ്ടോന്‍‍

--നിന്റെ മരവിച്ച കണ്ണീര്‍ ഗ്രന്ധികളില്‍
പ്രളയം പ്രതീക്ഷിച്ച് കിടപ്പതെന്തേ...?
നീ ഇപ്പൊഴും ചിരിപ്പതെന്തേ....?