Saturday, September 4, 2010

വിചാരണ

അവളുടെ ആത്മഹത്യയില്‍
എനിക്ക് പങ്കുണ്ട്

ഡയറിത്താളിലോ
മരണക്കുറിപ്പിലോ
എന്റെ പേരു കണ്ടേക്കില്ല
പക്ഷെ...

സാരിത്തലപ്പിലോ
നെഞ്ചിന്‍ തുടിപ്പിലോ
എന്റെ വിരല്‍പ്പാട് കണ്ടേക്കില്ല
പക്ഷെ...

ഒറ്റയമ്മ പെറ്റ കുഞ്ഞിന്റെ
ജനിതക രേണുക്കള്‍ എന്റെയല്ല

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍
ഒരു വാക്കു കൊണ്ട മുറിവു പോലുമില്ല

സാഹചര്യത്തെളിവുകളേതുമില്ല

പക്ഷെ...
എന്റെ പ്രണയ ശിഖരത്തിലൂഞ്ഞാല്
കെട്ടിയാണ് അവളിപ്പോഴാടുന്നത്...

Friday, May 14, 2010

എലിപ്പെട്ടി

നെല്ലും
നെയ്യും
ചക്കകുരുവും തീര്‍ന്ന
ഒരു ട്രോപ്പിക്കല്‍ രാത്രിയില്‍,

പട്ടിണിക്കും
ജീവിതത്തിനും ഇടയില്‍
ഒരു തേങ്ങാപ്പൂള്‍
വെളുക്കെ പല്ലിളിച്ചു.

അതിനെ കെട്ടിത്തൂക്കിയ
കംബി നിന്നു വിറങ്ങലിക്കെ
പിറകിലാരോ സ്വപ്നങ്ങളുടെ വാതില്‍
കൊട്ടിയടച്ചു.

പെട്ടിച്ചുവരുകളുടെ
കെട്ടുറപ്പില്‍
സ്വര്‍ഗ്ഗീയമായ സ്വകാര്യതയില്‍
രാത്രിയുടെ പല്ലുകള്‍
ഓരോന്നായ് കൊഴിഞ്ഞിറങ്ങി.

അവസാന അത്താഴത്തിന്റെ ലഹരിയില്‍
സ്വപ്നങ്ങളെ പല ദിശയില്‍
പല വട്ടം
ഭോഗിച്ചുകൊണ്ടുറങ്ങി.

കാലത്ത്,
കുണ്ടന്‍തോട്ടില്‍ കുളിക്കണം....
കുറി തൊട്ടു ഗണേശനെ സ്മരിക്കണം....
ജല സമാധിയാകണം....

Thursday, April 1, 2010

കടല്‍ക്കിനാക്കള്‍

കടലിന്റെ വേഗമുള്ള കാമുകന്‍ വരും
തിരകളാലെന്റെ കരി വളകളാകെയും കവരും

പവിഴ മാലകള്‍ തരും, എന്റെ
പടവുകളിലാകെയും മണല്‍ വിരിക്കും

പാദങ്ങളില്‍ പതിയെ വന്നു ലവണ ചുംബനങ്ങള്‍ തരും
ഓര്‍ക്കാതിരിക്കെ ആര്‍ത്തിരംബി വന്നാലിംഗനം ചെയ്യും

കാറ്റാടികള്‍ കണ്ണു ചിമ്മെ പ്രണയമേകും
അനന്ത നാഗങ്ങള്‍ നാണിച്ചു നില്‍കെ സുരതമേകും

കിനാക്കളങ്ങനെ മണല്‍ കൂടാരങ്ങള്‍ കെട്ടവെ
ആഴങ്ങളില്‍,

കടലിന്റെയുപ്പും കറുപ്പും
ഇന്നലെ ചത്ത പെണ്ണുങ്ങളുടെ മാംസവും
ബലിച്ചോറു തിന്നു കൊഴുത്തയാത്മാക്കളും
ജര പിടിച്ചിന്നും തിര ചുരത്തുന്ന മാറും

ആഴക്കടലില്‍ നിന്നോടി വന്നു ഒരു
പാറക്കല്ലില്‍ തല തല്ലി
കിനാക്കള്‍ ചോര തുപ്പുന്നു
മത്തിയും മാന്തളും
അത് കൊത്തി വലിക്കുന്നു.