Sunday, December 7, 2008

അനുയാത്ര

എന്റെ വയലിന്റെ ഒടുവിലത്തെ കമ്പി
പൊട്ടിയിരിക്കയാണ്...
‘e' എന്നു നീയും,
‘രി’ എന്നു ഞാ‍നും.

വലിച്ചുകെട്ടി ഞാന്‍ മീട്ടി നോക്കിയപ്പോളബദ്ധ സംഗീതം...
പശു
കിളി
എരുമ
എലി
മിമിക്രി തൊഴിലാളിയുടെ പൊട്ടിയ ചങ്കു പോലെ...

എന്റെ ഡയരിയുടെ നടുവിലത്തെ പേജ്
ഇളക്കി മാറ്റിയിരിക്കയാണ്...
ജൂലൈ തുടങ്ങുന്നതിന് മുമ്പ്,
ജൂണ്‍ അവസാനിച്ചതിനു ശേഷം.

വറ്റ് ചേര്‍ത്തൊട്ടിച്ച് ഞാന്‍ കൂട്ടി വായിച്ചപ്പോളര്‍ത്ഥശൂന്യം വാചകം...
ജീവിതം
പ്രണയം
സമൂഹം
ബാന്ധവം
വാരിക തിരിച്ചയച്ച ഉത്തരാധുനിക കവിത പോലെ...

എന്റെ മൊബൈലിന്റെ ഓര്‍മ്മകള്‍ ഏതോ വീഴ്ചയുടെ
ആഘാതത്തില്‍ നഷ്ടപ്പെട്ടിരിക്കയാണ്...
ചില പേരുകള്‍,
പല സന്ദേശങ്ങള്‍.

പൊട്ടിയ ചില്ലു ജാലകത്തിലെ കറുപ്പും വെളുപ്പും ചികഞ്ഞെടുത്തപ്പോള്‍,
നഷ്ടമായ കോളുകള്‍...
ദീപ്തി
ജോസ്ലിന്‍
നിഷ
സുഷമ
കൂട്ടികൊടുപ്പുകാരന്റെ കണക്കു പുസ്തകം പോലെ...

എന്റെ ജീവന്റെ കറ്റചൂട്ട് ഋതു മാറി പെയ്ത മഞ്ഞിന്റെ
കുളിരില്‍ മുനിഞ്ഞമരുകയാണ്...
ബന്ധങ്ങളുടെ വീര്‍പ്പുമുട്ടലില്‍,
പ്രണയത്തിന്റെ നനവില്‍

കെട്ട് പൊട്ടിച്ച് ഞാന്‍ ആഞ്ഞു വീശിയപ്പോളിത്തിരി
വെട്ടത്തില്‍ കെട്ടു കോലങ്ങള്‍...
മകന്‍
കാമുകന്‍
കാന്തന്‍
കൂട്ടുകാരന്‍
എന്നോളം നടന്ന്, എന്നിലവസാനിക്കുന്ന,
എന്റേതല്ലാത്ത കാല്പാടുകള്‍ പോലെ...