Monday, October 8, 2012

പ്രൊപ്പോസല്‍


ഇതാ എന്‍റെ കത്തുന്ന നഗ്നത!

അസൂയയും
ആര്‍ദ്രതയും 
വഹിച്ച് തളര്‍ന്ന ഞരമ്പുകള്‍...

സിവിലയ്സേഷന് മുമ്പേ
മുളച്ച രോമങ്ങള്‍/...

പലിശക്കെടുത്ത
പല്ലുകള്‍


ഒരു വസന്തം പെയ്തിട്ടു പോയ
വസൂരി പാടുകള്‍...

ദിശാബോധം നഷ്ടപെട്ട 
വന്യത

അടിയിലെ മണ്ണൊലിച്ച്
ആകാശത്തിലായ
കാലുകള്‍...

ഒക്കത്തേതിനും
ഉത്തരത്തേതിനും
ഇടയില്‍ പകച്ചു പോയ
ക്യ്കള്‍...

നാവിന്‍ പട്ടു പുതച്ച്
ഞാന്‍ കിടക്കുമീ
ഉണക്കമാങ്കൊമ്പിന്‍  ശയ്യയിലേക്കെടുത്ത് ചാടാം 
നിനക്കിനിയല്ലെങ്കിലീ-
യിടവഴി താണ്ടാം...

Sunday, July 1, 2012

ബാധ


നഗ്നമായ് നിന്നെ വരച്ചിട്ടൊരോര്‍മ്മ കാന്‍വാസിനെ
അഗ്നി തിന്നുന്നു.
വര്‍ണ്ണങ്ങള്‍ ഹോമിച്ച് മാനത്തത് 
മഴവില്ല് തുന്നുന്നു.

നിന്നെ എഴുതിയിട്ട കവിത
മഷിയൊഴുകിയൊരു പുഴയാകുന്നു.
നീല നിറത്തിലത്
നാല് ദിക്ക് തേടുന്നു.

നിന്നെ കുറിച്ചുള്ളൊരാ പ്രണയ പാട്ടീ-
കാറ്റിലലിയുന്നു.
തീരമണയാന്‍ വന്നൊരു പായ്കപ്പലിനെ
അതീണത്തില്‍ തിരിച്ചയക്കുന്നു.

നിന്‍റെ അഴുകിയ ജഡം
തിന്നോരയിരം പുഴുക്കള്‍
ശലഭങ്ങളാവുന്നു.
ശ്മശാന പുഷ്പങ്ങളിലവ
പരാഗണം ചെയ്യുന്നു.

നിന്‍റെ പ്രേതച്ചിരി ഓരോ സ്വീകരണമുറിയിലെ 
ചായകോപ്പയിലും പ്രതിഫലിക്കുന്നു. 
എനിക്ക് ബാധ തന്നെയെന്ന്‍ ഓരോ കന്യയും
അതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.