Sunday, July 1, 2012

ബാധ


നഗ്നമായ് നിന്നെ വരച്ചിട്ടൊരോര്‍മ്മ കാന്‍വാസിനെ
അഗ്നി തിന്നുന്നു.
വര്‍ണ്ണങ്ങള്‍ ഹോമിച്ച് മാനത്തത് 
മഴവില്ല് തുന്നുന്നു.

നിന്നെ എഴുതിയിട്ട കവിത
മഷിയൊഴുകിയൊരു പുഴയാകുന്നു.
നീല നിറത്തിലത്
നാല് ദിക്ക് തേടുന്നു.

നിന്നെ കുറിച്ചുള്ളൊരാ പ്രണയ പാട്ടീ-
കാറ്റിലലിയുന്നു.
തീരമണയാന്‍ വന്നൊരു പായ്കപ്പലിനെ
അതീണത്തില്‍ തിരിച്ചയക്കുന്നു.

നിന്‍റെ അഴുകിയ ജഡം
തിന്നോരയിരം പുഴുക്കള്‍
ശലഭങ്ങളാവുന്നു.
ശ്മശാന പുഷ്പങ്ങളിലവ
പരാഗണം ചെയ്യുന്നു.

നിന്‍റെ പ്രേതച്ചിരി ഓരോ സ്വീകരണമുറിയിലെ 
ചായകോപ്പയിലും പ്രതിഫലിക്കുന്നു. 
എനിക്ക് ബാധ തന്നെയെന്ന്‍ ഓരോ കന്യയും
അതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.

No comments: