Saturday, August 31, 2013

സാമൂഹ്യജീവിതം

അവിടെ ചെന്നിട്ടെന്താണ്..?

പാൽപ്പൊടി ചായയിൽ മുക്കി,
കുതിർന്ന് വീഴാതെ
സൂക്ഷ്മമായ്‌,
മരണ ബിസ്കറ്റുകൾ കഴിക്കാം.

പെയ്യാത്ത മഴയെ പഴിക്കാം
പെയ്തൊഴിയത്തതിനെ ശപിക്കാം.

ഇടം വലം നിന്ന് കുത്തി-
പിടഞ്ഞിടെണ്ടോരുടെ
സ്വവർഗാനുരാഗ ഗാനങ്ങൾ കേൾക്കാം.

അന്യായമൊതുക്കാൻ
ഒരുക്കുന്ന
ജനകീയ മുന്നേറ്റ തന്ത്രം
പഠിക്കാം.

മൂത്തവന്റെ വിമാനം
വരും വരേ പെയ്യേണ്ട
കണ്ണീർ മഴയും നനയാം.

അതിനിടക്ക്
അങ്ങോരെയോന്നു പോയ്‌ കാണാം
നെഞ്ചത്തെ പുഷ്പചക്രങ്ങൾ എണ്ണാം.

കൊള്ളി വെക്കും വരെ കാത്ത്
നില്കെണ്ടതില്ല,
വേഗം
ചാക്കാല ചൊല്ലി പിരിയാം.

എങ്കിലേ...
എന്നാസന്നമരണ ശയ്യ
ജനാരവ സംഗീത സാന്ദ്രമായ് തീരൂ...

എങ്കിലേ...
എൻ ചുടല പറമ്പിലായിരം
ചെട്ടിചെടികൾ തളിർക്കൂ...