Saturday, October 29, 2011

വിഷഹാരി


രണ്ടു കുഞ്ഞുങ്ങള്‍ *
വായിച്ചന്നു കയറിയതാണ്
എന്‍റെ റെഡ് ടാപിലീ
കുഞ്ഞന്‍


കാലത്തീരണ്ടു വട്ടമിറക്കിയോടിക്കും
കാല് കുത്തിയിറക്കും മുമ്പാട്ടിയോടിക്കും
ചരട് മുറുക്കെ 
ചവിട്ടിയരക്കും



ട്രാഫിക്‌ വിളക്കുകള്‍ ചെങ്കണ്ണ്‍ ചിമ്മേ
പിറകിലായിരമുരഗങ്ങള്‍ 
സീല്‍കാര ഹോണുകളുതിര്‍ക്കെ
ബൈക്ക് ഞാന്‍ ചാരിവെച്ചൂരി നോക്കും



പണി പാതി തീരാഞ്ഞൊരാ
പഞ്ച നക്ഷത്ര മാളതിന്‍
പടി വാതിലില്‍ നിന്നൊരു
പിച്ച പാത്രമുയരവേ,



ഇത്തിരി മധുരത്തിനായ്
പ്രവാസത്തിന്‍ കരിമ്പ്‌ ചതച്ച്
ഒത്തിരി ചവറു പേറുന്നവര്‍, **
ചുറ്റിലുമിഴഞ് നീങ്ങെ,
 

മുതുകില്‍ മുലയുരഞ്ഞവള് ചോദിക്കും,
ആവാസമറ്റയിവരിലരാണ്
നിന്‍ കാല്തടത്തില്‍..?



മോഹഫണം വിടര്‍ത്തി-
യീയലെ ക്ഷണിക്കും
കമ്പോള സര്‍പ്പജ്വാലകളെന്‍
സ്വപ്ന ഖാണ്ഡവമെരിക്കെ,


തക്ഷകനിഴയുന്നു,
ജ്ഞാനപ്പഴത്തില്‍, മസ്തിഷ്കത്തില്‍,
ഗര്‍ഭ കോശങ്ങളില്‍, എന്‍റെ
കാല്‍വെള്ളയില്‍.
 

 
നീലിച്ച്,
ഇരുകയ്യിലൂരിപ്പിടിച്ച കാലുറയുമായ് ഞാനെന്‍റെ
വ്യവസായ ഗോപുരത്തിലെക്കുടലോടുയരവേ,
വിഷപ്പല്ല് കാട്ടി ചിരിച്ചു ചോദിക്കുന്നാത്മക്കള്‍,
പരുന്ത് പറക്കാത്തിടങ്ങളില്‍
പാമ്പോ, പിരാന്തോ..?




* R വേണുഗോപാലിന്‍റെ  'രണ്ടു കുഞ്ഞുങ്ങള്‍' എന്ന കവിത. 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത്.

** ആനന്ദിന്‍റെ 'ആള്‍ക്കൂട്ട' ത്തില്‍ നിന്ന് മോഷ്ടിച്ചത്.


Tuesday, October 18, 2011

കഴുമര പൂക്കള്‍


1

വിധി നടപ്പാക്കി
നിന്‍റെ മൃതമേനിയിതുവഴി
വരുന്നതും കാത്ത്
ഒരുവനിവിടെ ഇരിപ്പുണ്ടാവും

നിന്റെ കുഴി വെട്ടിയ
പടന്നയിലെ
ചെളി
പരണ്ടിക്കൊന്ദ്‌

നിന്റെ നെഞ്ചില്‍ വിരിക്കാന്‍
കൊയ്ത
കുവ്വ പൂവിന്‍റെ
തണ്ട് തുന്നിക്കൊണ്ട്

നിന്‍റെ നാഭിയില്‍
തറക്കാന്‍ വെട്ടിയ
കന്നു വാഴ
ചെത്തിയുഴിഞ്ഞു കൊണ്ട്.

നിന്‍ സ്മാരകശിലയിന്‍
ഗണിത പ്രശ്നത്തിന്‍ ശിഷ്ടം
ഇരുപത്തെഴെന്നാ-
വര്‍ത്തിച്ചു കൊണ്ട്.

നിന്‍റെ ശവഘോഷയാത്ര
പോകും
ഇടവഴികളില്‍
വിളക്ക് തെളിയിച്ച് കൊണ്ട്.


2

തയ്യാറാവുക.
നിന്‍റെ വിധിപത്രത്തിലെ
മുഹൂര്ത്തമാകുന്നു.

ഇവിടെയിരുന്നു ഞാന്‍
നിന്‍ മരണസംഗീതത്തിന്‍
കുരവ കേള്‍ക്കുന്നു.

കയറു മുറുകുമ്പോള്‍
എന്‍ ഹൃദയത്തിലാരോ
തകില് വായിക്കുന്നു.

സീമന്തരേഖയില്‍ രക്തം
പടരവേ
നിനക്ക് താഴെ ഭൂമി പിളരുന്നു.

അതിലേക്ക് 
സര്‍വ്വ വിഗ്രഹങ്ങളും
കോട്ടകളും കുതിരകളും
ഒലിച്ചിറങ്ങുന്നു.




3

തെരുവില്‍
വിളക്ക് കാലുകള്‍
പിത്തം ചര്‍ദ്ധിക്കുന്നു

ഇന്നലെ പിറന്നോരായിരം 
എലിക്കുഞ്ഞുങ്ങള്‍ 
തെരുവിന്റെ നാഡീ നാരുകളില്‍ നിന്ന് 
മുലയൂറ്റുന്നു.


ഓര്‍മ്മകളുടെ ഉറയുരിന്ജ്
സോമാശാലയില്‍
നിന്നാത്മാക്കള്‍
ഇഴഞ്ഞിറങ്ങുന്നു


ജൗളി കടയുടെ പരസ്യ പലകയില്‍
നിന്നൊരു കുലസ്ത്രീയും കുടുംബവും
എന്നെ പരിഹസിച്ച്
ഊറി ചിരിക്കുന്നു.

ജാല്യതയാല്‍ ഞാന്‍,
മുല്ലപ്പൂ മണക്കുന്നൊരു
മാംസ കഷണത്തില്‍
മുഖം പൂഴ്ത്തുന്നു.







Tuesday, April 5, 2011

അതിഥി



വന്നു കയറിയപ്പോഴൊക്കെ
ഒരു പിടി
വാക്ക് തേടി
ഞാനലഞ്ഞിട്ടുണ്ട്,
ഓര്‍മ്മകളുടെ അടുക്കളപ്പുറത്ത്.
സ്വപ്നങ്ങളുടെ പറ്റ് പീടികയില്‍.

നിനക്കറിയില്ല,
ചിരിക്കുന്ന മുഖം നിന്നെയേല്പിച്ച്
പിന്നാമ്പുറത്തെ തിണ്ട്
ചാടുമ്പൊഴെന്നുള്ളിലെയാന്തല്‍.
കാലൊന്ന് തെറ്റിയാല്‍
നീണ്ട മൊഉനത്തിന്റെ ഇരുട്ടിടയിലേക്കാണു.

ഓര്‍ക്കാപ്പുറത്ത്
എന്റെ അര്‍ത്ഥമില്ലായ്മകളിലേക്ക്
നടന്ന് കയറിയപ്പൊഴൊക്കെ തന്നിട്ടുണ്ട്
നിനക്കെന്നും
നല്ല വാക്ക് ചേര്‍ത്ത് തിളപ്പിച്ച
ചായ

ഊറി കുടിക്കുമ്പോള്‍
പേടിയാണു,
പിടി പൊട്ടിയ
കപ്പിനുള്ളില്‍ നിന്നെന്റെ
പ്രണയമെങ്ങാന്‍
പതഞ്ഞു കയറിയാലോ
നിന്റെ ചുണ്ടില്‍?