Tuesday, October 18, 2011

കഴുമര പൂക്കള്‍


1

വിധി നടപ്പാക്കി
നിന്‍റെ മൃതമേനിയിതുവഴി
വരുന്നതും കാത്ത്
ഒരുവനിവിടെ ഇരിപ്പുണ്ടാവും

നിന്റെ കുഴി വെട്ടിയ
പടന്നയിലെ
ചെളി
പരണ്ടിക്കൊന്ദ്‌

നിന്റെ നെഞ്ചില്‍ വിരിക്കാന്‍
കൊയ്ത
കുവ്വ പൂവിന്‍റെ
തണ്ട് തുന്നിക്കൊണ്ട്

നിന്‍റെ നാഭിയില്‍
തറക്കാന്‍ വെട്ടിയ
കന്നു വാഴ
ചെത്തിയുഴിഞ്ഞു കൊണ്ട്.

നിന്‍ സ്മാരകശിലയിന്‍
ഗണിത പ്രശ്നത്തിന്‍ ശിഷ്ടം
ഇരുപത്തെഴെന്നാ-
വര്‍ത്തിച്ചു കൊണ്ട്.

നിന്‍റെ ശവഘോഷയാത്ര
പോകും
ഇടവഴികളില്‍
വിളക്ക് തെളിയിച്ച് കൊണ്ട്.


2

തയ്യാറാവുക.
നിന്‍റെ വിധിപത്രത്തിലെ
മുഹൂര്ത്തമാകുന്നു.

ഇവിടെയിരുന്നു ഞാന്‍
നിന്‍ മരണസംഗീതത്തിന്‍
കുരവ കേള്‍ക്കുന്നു.

കയറു മുറുകുമ്പോള്‍
എന്‍ ഹൃദയത്തിലാരോ
തകില് വായിക്കുന്നു.

സീമന്തരേഖയില്‍ രക്തം
പടരവേ
നിനക്ക് താഴെ ഭൂമി പിളരുന്നു.

അതിലേക്ക് 
സര്‍വ്വ വിഗ്രഹങ്ങളും
കോട്ടകളും കുതിരകളും
ഒലിച്ചിറങ്ങുന്നു.




3

തെരുവില്‍
വിളക്ക് കാലുകള്‍
പിത്തം ചര്‍ദ്ധിക്കുന്നു

ഇന്നലെ പിറന്നോരായിരം 
എലിക്കുഞ്ഞുങ്ങള്‍ 
തെരുവിന്റെ നാഡീ നാരുകളില്‍ നിന്ന് 
മുലയൂറ്റുന്നു.


ഓര്‍മ്മകളുടെ ഉറയുരിന്ജ്
സോമാശാലയില്‍
നിന്നാത്മാക്കള്‍
ഇഴഞ്ഞിറങ്ങുന്നു


ജൗളി കടയുടെ പരസ്യ പലകയില്‍
നിന്നൊരു കുലസ്ത്രീയും കുടുംബവും
എന്നെ പരിഹസിച്ച്
ഊറി ചിരിക്കുന്നു.

ജാല്യതയാല്‍ ഞാന്‍,
മുല്ലപ്പൂ മണക്കുന്നൊരു
മാംസ കഷണത്തില്‍
മുഖം പൂഴ്ത്തുന്നു.







No comments: