Friday, May 14, 2010

എലിപ്പെട്ടി

നെല്ലും
നെയ്യും
ചക്കകുരുവും തീര്‍ന്ന
ഒരു ട്രോപ്പിക്കല്‍ രാത്രിയില്‍,

പട്ടിണിക്കും
ജീവിതത്തിനും ഇടയില്‍
ഒരു തേങ്ങാപ്പൂള്‍
വെളുക്കെ പല്ലിളിച്ചു.

അതിനെ കെട്ടിത്തൂക്കിയ
കംബി നിന്നു വിറങ്ങലിക്കെ
പിറകിലാരോ സ്വപ്നങ്ങളുടെ വാതില്‍
കൊട്ടിയടച്ചു.

പെട്ടിച്ചുവരുകളുടെ
കെട്ടുറപ്പില്‍
സ്വര്‍ഗ്ഗീയമായ സ്വകാര്യതയില്‍
രാത്രിയുടെ പല്ലുകള്‍
ഓരോന്നായ് കൊഴിഞ്ഞിറങ്ങി.

അവസാന അത്താഴത്തിന്റെ ലഹരിയില്‍
സ്വപ്നങ്ങളെ പല ദിശയില്‍
പല വട്ടം
ഭോഗിച്ചുകൊണ്ടുറങ്ങി.

കാലത്ത്,
കുണ്ടന്‍തോട്ടില്‍ കുളിക്കണം....
കുറി തൊട്ടു ഗണേശനെ സ്മരിക്കണം....
ജല സമാധിയാകണം....