Saturday, October 29, 2011

വിഷഹാരി


രണ്ടു കുഞ്ഞുങ്ങള്‍ *
വായിച്ചന്നു കയറിയതാണ്
എന്‍റെ റെഡ് ടാപിലീ
കുഞ്ഞന്‍


കാലത്തീരണ്ടു വട്ടമിറക്കിയോടിക്കും
കാല് കുത്തിയിറക്കും മുമ്പാട്ടിയോടിക്കും
ചരട് മുറുക്കെ 
ചവിട്ടിയരക്കും



ട്രാഫിക്‌ വിളക്കുകള്‍ ചെങ്കണ്ണ്‍ ചിമ്മേ
പിറകിലായിരമുരഗങ്ങള്‍ 
സീല്‍കാര ഹോണുകളുതിര്‍ക്കെ
ബൈക്ക് ഞാന്‍ ചാരിവെച്ചൂരി നോക്കും



പണി പാതി തീരാഞ്ഞൊരാ
പഞ്ച നക്ഷത്ര മാളതിന്‍
പടി വാതിലില്‍ നിന്നൊരു
പിച്ച പാത്രമുയരവേ,



ഇത്തിരി മധുരത്തിനായ്
പ്രവാസത്തിന്‍ കരിമ്പ്‌ ചതച്ച്
ഒത്തിരി ചവറു പേറുന്നവര്‍, **
ചുറ്റിലുമിഴഞ് നീങ്ങെ,
 

മുതുകില്‍ മുലയുരഞ്ഞവള് ചോദിക്കും,
ആവാസമറ്റയിവരിലരാണ്
നിന്‍ കാല്തടത്തില്‍..?



മോഹഫണം വിടര്‍ത്തി-
യീയലെ ക്ഷണിക്കും
കമ്പോള സര്‍പ്പജ്വാലകളെന്‍
സ്വപ്ന ഖാണ്ഡവമെരിക്കെ,


തക്ഷകനിഴയുന്നു,
ജ്ഞാനപ്പഴത്തില്‍, മസ്തിഷ്കത്തില്‍,
ഗര്‍ഭ കോശങ്ങളില്‍, എന്‍റെ
കാല്‍വെള്ളയില്‍.
 

 
നീലിച്ച്,
ഇരുകയ്യിലൂരിപ്പിടിച്ച കാലുറയുമായ് ഞാനെന്‍റെ
വ്യവസായ ഗോപുരത്തിലെക്കുടലോടുയരവേ,
വിഷപ്പല്ല് കാട്ടി ചിരിച്ചു ചോദിക്കുന്നാത്മക്കള്‍,
പരുന്ത് പറക്കാത്തിടങ്ങളില്‍
പാമ്പോ, പിരാന്തോ..?




* R വേണുഗോപാലിന്‍റെ  'രണ്ടു കുഞ്ഞുങ്ങള്‍' എന്ന കവിത. 'മാതൃഭൂമി' പ്രസിദ്ധീകരിച്ചത്.

** ആനന്ദിന്‍റെ 'ആള്‍ക്കൂട്ട' ത്തില്‍ നിന്ന് മോഷ്ടിച്ചത്.


No comments: