Monday, November 2, 2009

കരിന്തിരി

നീ അറുത്തിട്ട് പോയ പ്രണയ ഞരമ്പില്‍ നിന്നെന്റെ
കവിതയൊക്കെയും വാര്‍ന്നു പോയെങ്കിലും...

സ്വപ്ന വിളക്കിന്‍ പുക പിടിച്ചെന്റെ
ഹ്രുദയ ഭിത്തികാളാകെയും കരി പുരണ്ടെങ്കിലും...

ജീവിതമെഴുതിയെഴുതി പൊലിപ്പിച്ചെന്‍
തൂലികയുടെ നീലിമയെല്ലാം ചുരന്ന് തീര്‍ന്നെങ്കിലും...

വാക്കുകള്‍ തുരുമ്പെടുത്തെങ്കിലും...
വര്‍ണ്ണങ്ങള്‍ക്ക് ജര പിടിച്ചെങ്കിലും...
ശബ്ദങ്ങള്‍ക്കര്‍ബുധം ബാധിച്ചെങ്കിലും...

ദഹിച്ചു തീരാത്ത സ്മരണയില്‍ നിന്റെ
ചിരി തികട്ടി തെറിച്ചു വീഴുന്നു
കവിതയുടെ മണമുള്ള ചോര പൂവുകള്‍...

Thursday, February 19, 2009

മരണങ്ങള്‍

ദാഹാര്‍ത്തനായ വേഴാമ്പല്‍,
ഒരു പെരുമഴയത്ത്
വെള്ളം കുടിച്ച്...

പ്രേമാതുരയായ പെണ്‍കുട്ടി,
പ്രണയം പറഞ്ഞു തുടങ്ങവെ
വാക്കുകള്‍
ചങ്കില്‍ കുരുങ്ങി...

മഴു കാത്തിരുന്ന മച്ചിപ്ലാവ്,
ഒരു ഋതു സന്ധ്യയില്‍
ഫലാധിക്യത്താല്‍
കടപുഴകി...

കാമ വിവശയായ കന്യക,
കിനാവില്‍ ഒരു ഗന്ധര്‍വ്വന്റെ
സുരതം ഏറ്റു വാങ്ങവെ
മൂര്‍ച്ച്ഛിച്ച്...

വത്സലനായ പിതാവ്,
പുത്രവധുവിന്റെ
ജനിതക ഗോവണി കയറവെ
കാലിടറി വീണ്...

ഇന്നലെ
ഒരു സംസ്കാര രാമന്റെ തല്ലു കൊണ്ട്
ഞാനും,
കത്തുന്ന ആത്മാവിലേക്ക്
ഇത്തിരി മുലപ്പാലിന്റെ കനിവ്
ഈമ്പി വലിച്ചതിന്...

Tuesday, January 6, 2009

ഇന്നലെ വന്ന sms ഇങ്ങനെ വായിക്കുന്നു....

എന്റെ കണ്‍ വേലി ചാടിക്കടന്നെന്റെ നാഭിയില്‍
അന്നു നീ ചേര്‍ത്തു വെച്ചതെത്ര
വാക്കുകള്‍,
ചത്ത ഭ്രൂണങ്ങള്‍...

കുഞ്ഞു തീണ്ടാത്ത സ്തന കോശങ്ങളില്‍
അന്നു നീ ചുണ്ട് ചേര്‍ത്ത് പകര്‍ന്ന-
തര്‍ബുദം,
ആത്മാവിന്റെ അവിഹിതം...

സ്വപ്നസൂചി കൊണ്ടന്ന് നമ്മള്‍ തുന്നിയ കൂട്ടില്‍
മുട്ടയിട്ടത്
നിന്റെയന്യ കാമിനികള്‍,
തേവിടിശ്ശിപ്പിറാവുകള്‍...

നിന്റെ വിഷപ്പല്ല് തട്ടിയന്നെന്റെ
പ്രാണഞരമ്പുകളില്‍ നിന്ന് വാര്‍ന്ന-
തശുദ്ധരക്തം,
മച്ചി കല്ലിന്റെ കന്മദം...

എന്റെ പ്രണയ ലാവണ്യത്തിനു മുന്നില്‍
സ്ഖലിക്കുവാനാകാതെ വിങ്ങുന്നത്
നിന്റെ ഹ്ര്ദയം,
അതിന്റെ ഷണ്ഢത്വം...

അതു കണ്ടു നില്കെ
ശപിക്കുവാനാകുന്നതെങ്ങനെ,
നിന്റെ വളഞ്ഞ മൂക്കും വക്രിച്ച ചിരിയും
വെറുക്കുന്നു ഞാനിന്നെത്രമേലുമേ...?